Tone controls – ശാപമോ, അനുഗ്രഹമോ ?

ചോ: കഴിഞ്ഞ കാലത്തെ പല ആമ്പുകളിലും കണ്ടിരുന്ന, വളരെ ഉപകാരപ്രദം എന്ന് തോന്നിയിരുന്ന ഒന്നാണ് ടോൺ കൺട്രോളുകൾ. Audio “purist” കളെ ഭയന്ന് ഇന്നത്തെ ആമ്പുകളിൽ കമ്പനികൾ അത് ഉൾപ്പെടുത്താറില്ല, എന്ന് മാത്രമല്ല ഒട്ടു മിക്കവർക്കും ഉപയോഗിക്കാൻ ഭയവുമാണ് . ഈ വിഷമവൃത്തത്തിൽ എന്തു ചെയ്യാൻ ?

ഉ: ഇതൊരു "വിഷമ വൃത്തം" (Dr Floyd Toole : “Circle of Confusion”-- see later ) തന്നെ എന്നതിൽ സംശയ ലേശമില്ല. മാറുന്ന അഭിരുചികൾ, trends, സാങ്കേതിക പുരോഗതികൾ ഇവ തീർച്ചയായും മാറ്റങ്ങൾ കൊണ്ട് വരും. അത് നല്ലതു തന്നെയാണ്. പക്ഷെ ഈ മാറ്റങ്ങളെല്ലാം നല്ലതാണോ എന്നതാണ് ചോദ്യം. നല്ലതു സ്വീകരിക്കുന്നതിനോടൊപ്പം, അത്ര നല്ലതല്ലാത്തവയെ തിരസ്കരിക്കാനും ഉള്ള വിവേകം നമ്മൾ കാണിക്കണം. Tone controls മായി ബന്ധപ്പെട്ടുണ്ടായ പല മാറ്റങ്ങളും ഇതിനു അടി വരയിടുന്നതാണ്.

നേരത്തെ ചർച്ച ചെയ്ത flat amplifier response എന്ന സങ്കല്പവുമായി ഇതും ഇഴ ചേർന്ന് കിടക്കുന്നു എന്നതാണ് പരമാർത്ഥം. ഒറ്റ നോട്ടത്തിൽ “audio purist” കളുടെ വാദം ശരിയാണെന്നു തോന്നുകയും ചെയ്യും. അതെങ്ങനെയെന്ന് പരിശോധിക്കാം.

Input signal frequencies അതേ പടി amplify ചെയ്യുക എന്നതാണല്ലോ ആമ്പുകളുടെ ധർമ്മം. അവിടെ യാതൊരു വിധ frequency anomalies ഉം ഉണ്ടാവാൻ പാടില്ല തന്നെ. അതായതു input frequencies തമ്മിലുള്ള അനുപാതം പോലും മാറാൻ പാടില്ല. ഈ സങ്കല്പത്തിന്റെ കുഴലിലൂടെ നോക്കുമ്പോൾ tone controls വരുത്തുന്ന മാറ്റങ്ങൾ – heavy bass അല്പം കുറയ്ക്കുന്നു, treble brightness നേരിയതായി കൂട്ടുന്നു എന്നിങ്ങനെ – തീർച്ചയായും “distortion” ആണെന്ന് കരുതേണ്ടി വരും. Original sound നിന്നുള്ള എന്ത് മാറ്റത്തെയും distortion ആയി കാണേണ്ടി വരുന്നു എന്നത് സാങ്കേതികമായി ശരിയാണ് താനും. ഇതാണ് “purist” കളുടെ വാദം. Distortion “ഉണ്ടാക്കുന്ന” ടോൺ കൺട്രോളുകളെ പടിക്കു പുറത്താക്കാൻ ഇത്രയൊക്കെ പോരെ എന്നാണവരുടെ നിലപാട്..

ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു സത്യം കൂടിയുണ്ട്. ആമ്പ് ഡിസൈൻ, പ്രത്യേകിച്ചും പ്രീ-ആമ്പ് ഡിസൈൻ, വളരെ ശ്രദ്ധയോടെ, വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ഒന്നാണ്. ചെലവ് ചുരുക്കൽ, amplifier stages ൻ്റെ എണ്ണം കുറയ്ക്കൽ, മൊത്തത്തിൽ circuit ലളിതവൽക്കരിക്കൽ ഇത്യാദി “corner cutting” ഡിസൈൻ ടെക്‌നിക്കുകളാണ് ടോൺ കൺട്രോൾസിന് ചീത്തപ്പേരുണ്ടാക്കി കൊടുത്തതെന്ന് നിസ്സംശയം പറയാം. Bass, treble controls പൂജ്യത്തിലേക്കു തിരിച്ചു വച്ചാലും എന്തൊക്കെയോ മാറ്റങ്ങൾ കേൾക്കുന്നു. Tone defeat / bypass switch ഉപയോഗിക്കുമ്പോൾ stereo image തകിടം മറിയുന്നു, കാലപ്പഴക്കത്തിൽ വില കുറഞ്ഞ, quality ലവലേശമില്ലാത്ത കൺട്രോളുകൾ noise / distortion ഇവ അടിച്ചേൽപ്പിക്കുന്നു. ഇമ്മട്ടിലുള്ള ഒരു പിടി പ്രശ്നങ്ങളാണ് പലപ്പോഴും സംഗീതസ്നേഹികളെ അലട്ടിയിരുന്നതു. Audio purist കളുടെ കടുത്ത നിലപാട് കൂടിയായപ്പോൾ ടോൺകൺട്രോൾസ് ഉള്ള ജീവനും കൊണ്ട് ഓടി മറഞ്ഞതിൽ അതിശയമൊന്നുമില്ല. ഇവിടെയാണ് നമ്മൾ ഇന്നെത്തി നിൽക്കുന്നത്.

 ഇതൊരു “വിഷമ വൃത്തം” തന്നെയാണ് എന്ന സത്യം ആദ്യമായി തുറന്നു പറഞ്ഞത് Dr Floyd Toole ആണ്. (Acoustics, psycho-acoustics, sound reproduction ഈ മേഖലകളിൽ അഗാധമായ അറിവും, ഗവേഷണ പാണ്ഡിത്യവുമുള്ള Dr Toole നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവും ആണ്.) അദ്ദേഹത്തിന്റെ ഒരു ഗവേഷണ പഠനം വളരെ ശ്രദ്ധയര്ഹിക്കുന്ന ഒന്നാണ്. ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ ഇണക്കിയ, 164 professional recording studios പഠനവിഷയമാക്കിയപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന അപാകതകൾ ആയിരുന്നു. വിശേഷിച്ചു സ്പീക്കറുകളുടെ room interaction ൻ്റെ ഫലമായി ഉളവാകുന്ന ഗുരുതരമായ low frequency anomalies ഉം, അവ recording engineer ടെ തീരുമാനങ്ങളെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമായി final recording ൽ വന്നു പെടുന്ന പാകപ്പിഴകളും മറ്റും അന്നാണ് തുറന്നു കാട്ടപ്പെട്ടതു..

ഓർക്കുക, ഈ സാഹചര്യം ഒരു സാധാരണ ഗൃഹാന്തരീക്ഷത്തിൽ അല്ല, ഒരു professional മേഖലയിലാണ് സംഭവിച്ചിരിക്കുന്നത്. അതും ഒന്നും, രണ്ടും ഇടങ്ങളിലല്ല. Calibrated ആയ, ഉന്നത ശ്രേണിയിലുള്ള ഉപകരണങ്ങളും, അവ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള professionals ആയ recording engineers ഉം മറ്റുമുള്ള സ്ഥാപനങ്ങളിലാണെന്നത് ഇതിന്റെ ഗുരുത്വം വർധിപ്പിക്കുന്നു. പ്രശസ്തമായ Harman International ൻ്റെ ഗവേഷണങ്ങൾ നയിക്കുന്ന Dr Sean Olive ( അദ്ദേഹം തുടക്ക കാലത്തു അറിയപ്പെടുന്ന ഒരു റെക്കോർഡിങ് വിദഗ്ധൻ ആയിരുന്നു.) മുതൽപേരും മേല്പറഞ്ഞ വസ്തുതകളെ അംഗീകരിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, പല professional recording studio കളിൽ നിന്നും പുറത്തു വരുന്ന recording കൾക്ക് പലവിധ പോരായ്മകളുമുണ്ട്. പോരാത്തതിന്, പല അവസരങ്ങളിലും recording engineers ൻ്റെ കേൾവിയുടെ ഏറ്റക്കുറച്ചിലുകളും recordings ൻ്റെ പൂർണ്ണതയെ ബാധിക്കുന്നതായി മറ്റു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സഹിക്കുകയല്ലാതെ മറ്റു പരിഹാരമില്ല – നിങ്ങളുടെ ആമ്പിൽ നല്ല ഒരു tone correction circuit ഇല്ലെങ്കിൽ !

Studio recordings നെ സംബന്ധിച്ചിടത്തോളം ഒരു വസ്തുത നിഷേധിക്കാൻ പറ്റാത്തനാണ്. അടിസ്ഥാനപരമായി നോക്കിയാൽ മൂന്നു വ്യക്തികളാണ് ഒരു studio recording ൻ്റെ “ശബ്ദഗുണം” നിശ്ചയിക്കുന്നത് – musician, recording engineer, record producer. നിശ്ചയമായും കേൾവിയെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങളും, അവരുടെ കേൾവി ശക്തിയിൽ ഉണ്ടാകാനിടയുള്ള പോരായ്മകളും, record വാങ്ങുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണകളുമൊക്കെ പല രീതിയിൽ ഈ ശബ്ദഗുണത്തിൻ്റെ രൂപപ്പെടുത്തലിനെ ബാധിക്കും. പലപ്പോഴും യഥാതഥമായ ശബ്ദത്തേക്കാൾ, ഒരു “signature sound” സൃഷ്ടിച്ചെടുത്തു , അത് വഴി commercial success നേടാനുള്ള ശ്രമങ്ങളും recording ൻ്റെ അന്തിമ ശബ്ദത്തെ ബാധിക്കുമെന്നതിൽ സംശയം വേണ്ട. അങ്ങിനെയാണ് commercial music marketing മേഖല പ്രവർത്തിക്കുന്നത്.

ഈ recordings ഗൃഹാന്തരീക്ഷത്തിൽ reproduce ചെയ്യുമ്പോൾ “purist” ശൈലിയിൽ “ഒന്നും തൊടാൻ പാടില്ല” എന്ന നിലപാടിൽ, “ഇതൊക്കെ അനുഭവിക്കാനാണ് ഒരു audiophile ൻ്റെ യോഗം” എന്ന് സമാധാനിച്ചു ഇതൊക്കെ കേട്ട് സഹിക്കണോ വേണ്ടയോ എന്ന് അവനവൻ തീരുമാനിക്കേണ്ടതാണ്. സംഗീതം ആസ്വദിക്കാനുള്ളതാണ്. അതിൽ വ്യക്തിഗതമായ അഭിരുചി വ്യത്യാസങ്ങളും, മുൻഗണനകളും (preferences) മറ്റും മറ്റും ഉണ്ടായിരിക്കും. ഒരു recording നെ, അതിൽ ഏതാനും പോരായ്മകളുണ്ടെന്നു കണ്ടാൽ നേരിയ tone corrections ലൂടെ ആസ്വാദ്യകരമായി മാറ്റിയെടുക്കുന്നതു ഒരു തരത്തിലും ഒരു കുറ്റകൃത്യമൊന്നുമല്ല. “Purists” അവരുടെ വഴിക്കു പോകാൻ പറ. പക്ഷെ ഒന്ന് ശ്രദ്ധിക്കണം – corrections അത്യാവശ്യത്തിനേ പാടുള്ളു, അതിനൊപ്പം ഉപയോഗിക്കുന്ന ഉപകരണം noise, distortion ഇവ ഉണ്ടാക്കാനേ പാടില്ല.

"Suspension Bridge" Eq

Octave Graphic Equalizers ഒരു audio rack ൻ്റെ ഭാഗമായിരുന്ന കഴിഞ്ഞ കാലത്തു അതുപയോഗിച്ചു “തൂക്കു പാലവും”, “മഴ വില്ലും” ഒക്കെ സൃഷ്ടിച്ചു, പാട്ടു കേൾക്കാൻ വരുന്ന സംഗീത തല്പരരായ സാധുക്കളെ അന്ധാളിപ്പിക്കുന്ന നിരവധി “audiophiles” നമ്മുടെ നാട്ടിലുണ്ടായിരുന്നത് പലർക്കും ഓർമ്മ കാണും. അക്കാലം കടന്നു പോയത് നമ്മുടെയൊക്കെ ഭാഗ്യം !

"Rainbow" Eq
അതു പോലെ തന്നെ പല മുൻകാല recordings ഉം (വിശേഷിച്ചും western classical ) അന്നുപയോഗിച്ചിരുന്ന മൈക്രോഫോണുകൾ, മറ്റനുബന്ധ ഉപകരണങ്ങൾ ഇവയുടെ പ്രത്യേകതകൾ / പോരായ്മകൾ കാരണം ഇന്ന് കേൾവിയിൽ നൂറു ശതമാനം സംതൃപ്തി തരുന്നില്ല. പലപ്പോഴും നേരിയ രീതിയിലുള്ള tone corrections കൊണ്ട് അവയുടെ ആസ്വാദ്യത വീണ്ടെടുക്കാവുന്നതേയുള്ളു. Purist കളുടെ കാഴ്ചപ്പാടിൽ ഇതും ഏതാനും വർഷം ജയിൽ ശിക്ഷ നൽകേണ്ട ഒരു കുറ്റകൃത്യം തന്നെയാണ്. Purist audiophiles ൻ്റെ masochism (masochist = ‘സ്വപീഡിതാഹ്ളാദൻ’ എന്ന് വിവർത്തനം) എന്ന തലവിധി നാം സ്വയം തലയിലേറ്റേണ്ടതില്ല എന്നാണ് എൻ്റെ ഒട്ടും വിനീതമല്ലാത്ത പക്ഷം.

സംഗീതാസ്വാദകരിൽ ഒട്ടുമിക്കവരും രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ സംഗീത ലോകത്തു എല്ലാം മറന്നിരിക്കുന്നവരാണ്. അയൽക്കാരെ ഉണർത്താതെ ഇത് നിർവഹിക്കാൻ ഉപയോഗിക്കുന്ന ആമ്പ് “pure, flat response” ആദർശത്തിൽ അധിഷ്തിതമായ, ടോൺകൺട്രോൾസ് ഒന്നും ഇല്ലാത്തതാണെങ്കിൽ പെട്ട് പോയി എന്നെ പറയാനുള്ളു. താഴ്ന്ന volume level ൽ കാതുകളുടെ response ഒട്ടും തന്നെ flat അല്ല. (Fletcher-Munson curves അടിസ്ഥാനം.) അവിടെ bass frequencies നു ഒരല്പം boost നൽകേണ്ടി വരും. ഇതിനാണ് പഴയ കാല ആമ്പുകളിൽ Loudness switch നൽകിയിരുന്നത്. പല വില പിടിച്ച ആമ്പുകളിലും variable loudness controls ഉണ്ടായിരുന്നു. നല്ല ആമ്പ് ഡിസൈനുകളിൽ പലതിലും “tapped volume controls ഉപയോഗിച്ചിരുന്നു – volume കുറയുമ്പോൾ സ്വയമേവ bass boost നല്കുന്നതിനായിരുന്നു ഈ സജ്ജീകരണം.

മുൻകാല പ്രീ-ആമ്പുകളെ ചുമ്മാതല്ല control amps എന്ന് വിളിച്ചിരുന്നത്. Input switching, record output switching / monitoring, RIAA phono equalization, rumble and hiss noise filters, comprehensive tone controls, loudness controls, tone defeat/bypass switching, level meters, multi-stage volume controls ഇവയൊക്കെയായിരുന്നു അവയെ മുൻനിരയിൽ നിർത്തിയിരുന്നത്. ( Kenwood ൻ്റെയും മറ്റുമൊക്കെ പേരെടുത്ത ആമ്പുകളിലെ volume controls മൂന്ന് - നാല് സ്റ്റേജുകളെ ഒരേ സമയം control ചെയ്യുന്ന രീതിയിലായിരുന്നു design ചെയ്തിരുന്നത് – noise performance ഉയർത്താനും, overloading ഒഴിവാക്കാനും ഒക്കെയായിരുന്നു സങ്കീർണമായ ഇത്തരം ഡിസൈനുകൾ. പക്ഷെ അവ നൽകിയിരുന്ന ശബ്ദഗുണം വളരെ ഉയർന്നതായിരുന്നു എന്ന് മറക്കേണ്ട.) ശബ്ദഭംഗിയിൽ തല്പരനായ ഒരു സംഗീതപ്രേമിക്കു വേണ്ട എല്ലാ “അനുസാരികളും” അന്ന് വിരൽത്തുമ്പിൽ ലഭ്യമായിരുന്നു.

ഇന്നിതാ നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാൽ കുത്തിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏതാണ്ട് അവസാനത്തോടെ ഒരു “നല്ല കാര്യം” സംഭവിക്കാൻ തുടങ്ങിയിരുന്നു എന്ന് പറയാം. അതായതു, അന്നേ വരെ വലിയ കമ്പനികളുടെ research labs ൽ മാത്രം കണ്ടിരുന്ന digital audio manipulation സങ്കേതങ്ങൾ സാധാരണക്കാരിലേക്കും എത്താൻ തുടങ്ങി. DIY തല്പരർക്കു പോലും വാങ്ങാവുന്ന / താങ്ങാവുന്ന വിലയുള്ള DSP (Digital Signal Processing) ഉപകരണങ്ങൾ ലഭ്യമായി. MiniDSP തുടങ്ങിയ കമ്പനികളായിരുന്നു മുന്നിൽ. ( https://www.minidsp.com/ ) Active speaker configuration, real-time room correction, frequency and time (phase) domain manipulation ഇതൊക്കെ വളരെ എളുപ്പമായി.


പല കമ്പനികളുടെയും products ൽ DSP യുടെ അതിപ്രസരം കണ്ടു തുടങ്ങി. അതിന്  ഈ നൂറ്റാണ്ടിൽ  വലിയ സ്വീകാര്യതയും ലഭിച്ചു എന്നതാണ് വാസ്തവം. Devialet പോലുള്ള “ഇളവൻ” കമ്പനികൾ ഓഡിയോ മേഖലയെ പിടിച്ചു കുലുക്കിയ, പൂർണ്ണമായും DSP സങ്കേതങ്ങളിൽ അധിഷ്ഠിതമായ സ്‌പീക്കറുകൾ മാർക്കെറ്റിൽ ഇറക്കി വിജയം കൊയ്തു.

ഇവിടെ ഉയരുന്ന ഒരു പ്രസക്ത ചോദ്യം, എന്താണ് അടിസ്ഥാനപരമായി ഈ DSP? Tone controls ൽ തുടങ്ങി, graphic equalizers ലൂടെ കറങ്ങി, parametric equalizer എത്തി നിന്ന analog sound manipulation ൻ്റെ ഒരു കഴിവുറ്റ digital “ചേട്ടൻ” അല്ലേ ഇദ്ദേഹം? സ്‌പീക്കറുകളുടെ room interaction മൂലമുണ്ടാവുന്ന artifacts ൻ്റെ frequency & time domain corrections, തത്സമയ analysis / corrections ളുടെ പരിഹരിക്കാൻ DSP സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു open baffle സ്‌പീക്കറിന്റെ  low frequency bands ലെ നിലവാരം കുറഞ്ഞ പ്രകടനം DSP സങ്കേതങ്ങൾ ഉപയോഗിച്ച് നിഷ്പ്രയാസം പരിഹരിക്കാവുന്നതേയുള്ളൂ. ഇന്ന് ഏവർക്കും ലഭ്യമായ cheap computing power അനന്തസാധ്യതകളാണ് ഹോബിയിസ്റ്റിനു മുന്നിൽ തുറന്നിടുന്നത്. ഇതിനെതിരെ കണ്ണടച്ചിട്ടു കാര്യവുമില്ല.


എൻ്റെ സംശയം, ഇതൊക്കെ അരങ്ങേറുമ്പോൾ നമ്മുടെ “purist” ചേട്ടന്മാർ എവിടെപ്പോയി ഒളിച്ചു എന്നതാണ് ? പാവം ഒരു tone control ചെറുതായി ഒരു frequency correction വരുത്തിയാൽ, അയ്യോ അത് ക്രിമിനൽ കുറ്റം. DSP ഉപകരണങ്ങൾ frequency & time domain ൽ കിളിത്തട്ടു കളിക്കുമ്പോൾ മിണ്ടാട്ടവും ഉരിയാട്ടവും ഇല്ല. എന്താ, manipulations എല്ലാം distortion അല്ലെന്നുണ്ടോ? നമ്മളിട്ടാൽ വള്ളി നിക്കർ, അവരിട്ടാൽ സ്റ്റൈൽ ബെർമുഡ !! ഇവിടെ വിവേചന ബുദ്ധിയാണ് പ്രായോഗികം,  ‘purist trends’ അല്ല തന്നെ.


പറയുമ്പോൾ എല്ലാം പറയണമല്ലോ – നല്ല പണിക്കാരനാണ് നല്ല tools കൊണ്ട് പ്രയോജനം സിദ്ധിക്കുന്നതു. മൂർച്ചയുള്ള ഒരു കത്തി ഒരേ സമയം തന്നെ നല്ല ഒരു tool ആയും, നേരെ മറിച്ചു അപകടകരമായ ഒരായുധമായും കാണാവുന്നതേയുള്ളു. Audio tone controls ൻ്റെ കാര്യവും ഒട്ടും വ്യത്യസ്‍തമല്ല. അത് പ്രയോഗിക്കുന്ന കരങ്ങളാണ് അതിനെ ഒരു വരദാനമാക്കി മാറ്റുന്നത്.

അറിവുള്ള, പാകതയുള്ള, ആസ്വാദനശേഷിയുള്ള ഒരു audiophile നു അന്നും ഇന്നും അവശ്യം വേണ്ട ഒന്നാണ് tone controls. അനാവശ്യമായ purist ചിന്താഗതികൾ തലയ്ക്കു പിടിച്ചു, അല്ലെങ്കിൽ purist ഗുരുഭൂതങ്ങളെ ഭയന്ന് അവയെ പടി കടത്തേണ്ട ഒരാവശ്യവും ഇല്ല തന്നെ.

* * * * * * * * * * * *


Comments

  1. സർ, വളരെ നന്നായിട്ടുണ്ട്. കുറച്ചു നാളായി അലട്ടിക്കൊണ്ടിരുന്ന രണ്ടു മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി.. വളരെ നന്ദി 🥰🙏

    ReplyDelete

Post a Comment

Subscribe

Popular posts from this blog