ഓഡിയോ ചോദ്യോത്തര സമാഹാരം - ഒരാമുഖം
ഓഡിയോ കുരുക്ഷേത്ര മൈതാനം … ശബ്ദ മുഖരിതമായ അന്തരീക്ഷം …രണ ശൂരന്മാരായ വില്ലാളിവീരർ ഉത്തരം ലക്ഷ്യമാക്കി തെരു തെരെ ചോദ്യ ശരങ്ങൾ എയ്തു വിടുന്നു …ആകെ കോലാഹലമയം ... ഇതിനിടയിൽ അടുപ്പൂതി, അപ്പച്ചട്ടി വച്ച് ഉത്തരങ്ങൾ എമ്പാടും ചുട്ടു തള്ളുന്ന അമ്മായിമാർ യഥേഷ്ടം വിലസുന്നു … പോരെ പൊടിപൂരം …
ഒന്നു കാതോർത്തു നോക്കിയാലോ …??
(സ്റ്റീരിയോ പശ്ചാത്തലം തുടരുന്നു … Mix: ചോ: – Pan Left ; ഉ: – Pan Right )
ചോ: അരിയെത്ര ഉണ്ടാവാനാണ് സാധ്യത ?
ഉ: പയറഞ്ഞാഴി എന്നാണ് പതിവ്. ശാസ്ത്രീയമായി പറഞ്ഞാൽ പയർ കൃത്യം അഞ്ചു നാഴി എന്ന് വിദഗ്ധ മതം.
ചോ: കാട്ടുകോഴിക്കല്യാണം നടക്കുമോ? എങ്കിൽ എപ്പോൾ?
ഉ: രെജിസ്ട്രാപ്പീസ് തുറന്നാലുടൻ വിവാഹത്തിന് സാധ്യത കാണുന്നു.
ശുഭ മുഹൂർത്തം : 10:30 – 11:00 am
(NB: സൽക്കാരം ഉണ്ടാവില്ല എന്ന് കരുതുന്നതാണ് പ്രായോഗികം.)
ചോ: ശ്ളധ കാകളി വൃത്തം ഒന്ന് വിശദീകരിക്കാമോ?
ഉ: ജ്യാമിതീയത്തിൽ ത്രികോണം, ചതുരം, പഞ്ചഭുജം തുടങ്ങി അവസാനമല്ലേ വൃത്തത്തിലെത്തുന്നുള്ളു.ആദ്യ പാഠങ്ങൾ ഹൃദിസ്ഥമാക്കിയിട്ടു പോരെ ശ്ളധ കാകളിയിലും മറ്റും ചവുട്ടിക്കയറാൻ ? അസ്ഥി സംരക്ഷണത്തിനും അതാണ് നല്ലതെന്നു കരുതാം.
ചോ: ഒരു നല്ല ആമ്പിനു എത്ര കൊമ്പു വരെയാകാം?
ഉ: പേര് സൂചിപ്പിക്കുന്നതുപോലെ മോണോയ്ക്കു ഒന്നും, സ്റ്റീരിയോ ആകുമ്പോൾ രണ്ടും ഉണ്ടാവേണ്ടതാണ്. ഇമേജിങ് ഒക്കെ നല്ലവണ്ണം ശരിയായാൽ മൂന്നാം കൊമ്പും ശ്രവ്യമാവും എന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുള്ളത്.
ചോ: ഫിഡെലിറ്റി എന്ന സങ്കല്പത്തിലേക്കു എത്ര മൈൽ ദൂരമുണ്ട്?
( This was before the Metric MKS system was introduced; use conversion table to convert miles to km. – Ed.)
ഉ: പടിഞ്ഞാറൻ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു 600 – 700 മുതൽ പരമാവധി 1,800 മൈൽ വരെയാകാം. കിഴക്കൻ വഴിയാണ് പഥ്യമെങ്കിൽ അടുത്തല്ലേ, എന്ത് ദൂരമിരിക്കുന്നു … നടക്കാവുന്നതല്ലേയുള്ളു.
ചോ: Oscilloscope ൽ ദർശിക്കുമ്പോൾ ഒരു നല്ല ആമ്പിനു എത്ര വരെ വക്രീകരണം (distortion ) ആവാം?
ഉ: Oscilloscope കൺട്രോളുകൾ ഇടം വലം തിരിച്ചു വക്രീകരണം ദർശിച്ചു നിർവൃതി അടയാം എന്ന വ്യാമോഹം മിതമായി പറഞ്ഞാൽ മൗഢ്യമാണ്. മേൽ പരാമര്‍ശത്തിലെ signal വീഡിയോ അല്ല, ഓഡിയോ ആണെന്ന് മറക്കേണ്ട. ഓഡിയോക്കു ശ്രവണ ഗുണം അഥവാ കേൾവി സുഖം അല്ലെ പരമപ്രധാനം. കണ്ണുകൾ അടച്ചു, കാതുകൾ തുറന്ന് ശുദ്ധ സംഗീതം ആസ്വദിക്കുന്നതാണ് കരണീയം.
( പശ്ചാത്തല ശബ്ദങ്ങൾ – Fade out )
ഉത്തരങ്ങൾ ലാക്കാക്കി ശരവര്‍ഷം നടത്തുന്ന വില്ലാളികൾക്കു എന്ത് പട്ടിയൽ, എന്ത് കഴുക്കോൽ?? ഈ കോലാഹലത്തിനും വള്ളിക്കെട്ടിനുമിടയിൽ ഉത്തരവും സത്യവും തേടി അലയുന്ന സാധുക്കളുടെ (വടക്കോട്ടു പോകും തോറും ‘സാധു’ക്കൾ നിറം മാറി സന്യാസികളാവും!) കാര്യമാണ് കഷ്ടം.
ഈ “ഉത്തര” കാണ്ഡം അവർക്കായി സമർപ്പിക്കുന്നു. തേടിപ്പിടിച്ചെടുത്ത ഒരു പിടി മുന ഒടിഞ്ഞിട്ടില്ലാത്ത ചോദ്യ ശരങ്ങളും, കഴുക്കോൽ, പട്ടിയൽ ഇവ വകഞ്ഞു മാറ്റി പുറത്തെടുത്ത നെടുങ്കൻ ഉത്തരങ്ങളുമാണ് ഈ സംഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സദയം വായിച്ചാലും … വായനാന്തം ശുഭം !!
* * * * * * * * * * * *

കൊള്ളാം, "അമ്പ് കൊള്ളാത്തവരില്ല, കുരുക്കളിൽ "...
ReplyDeleteസന്തോഷം...
ReplyDelete