ആമ്പിനെത്ര പവർ വേണം ?


ചോ: പാട്ടു കേൾക്കാനായി വീട്ടിൽ ഉപയോഗിക്കുന്ന ഒരു നല്ല ആമ്പിനെക്കുറിച്ചാണ് ചോദ്യം – ഇതിനു എത്ര വാട്ട് output ആണ് വേണ്ടി വരുന്നത്? 5 മുതൽ 50 W എന്ന് കേൾക്കുന്നു. നല്ല ക്വാളിറ്റി systems ഉള്ള പലരും 100 W നു മുകളിൽ ആണ് ആവശ്യം എന്നും പറയുന്നു. ആകെ confusion ആണ്. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉ: ഒറ്റ വാക്കിൽ ഇതിനുത്തരം പറയാൻ ഈ ഭൂലോകത്തൊരു ദിവ്യനും കഴിയുമെന്ന് തോന്നുന്നില്ല. വളരെ സങ്കീർണ്ണമായ ഒരു പിടി വസ്തുതകൾ balance ചെയ്തു വേണം ഇതിനു നമുക്കനുയോജ്യമായ ഒരു ഉത്തരം കണ്ടു പിടിക്കാൻ.

“ഉത്തര കാണ്ഡം” ആയതു കൊണ്ട് ഒരു “standardized” ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം ലളിതമാണ്. ഇതിന്റെ ഉത്തരം ഒട്ടു വളരെ വ്യക്തിഗത അംശങ്ങളുമായി ഇഴ ചേർന്ന് കിടക്കുകയാണ്, അതിനാൽ തന്നെ ഓരോ വ്യക്തിക്കും വേണ്ട ഉത്തരവും വ്യത്യസ്തമായിരിക്കും. ആ ഉത്തരം സ്വയം കണ്ടെത്താനുള്ള ചില സൂചനകൾ തരാൻ ശ്രമിക്കാം.

ആദ്യം ഗൃഹാന്തരീക്ഷം പരിശോധിക്കാം. നിങ്ങൾ hard rock music, അല്ലെങ്കിൽ western classical music ൻ്റെ ആരാധകനാണെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഒരു 50–60 ശതമാനം fidelity യോടെ ഇതൊക്കെ reproduce ചെയ്യണമെങ്കിൽ അതിനുതകുന്ന ഒരു വലിയ hall തന്നെ വേണ്ടി വരും. പിന്നെ ആ hall ൽ യഥാതഥമായ sound levels പുനഃ സൃഷ്ടിക്കാൻ തക്ക സ്‌പീക്കറുകളും ആമ്പുകളും മറ്റു അനുബന്ധ സാമഗ്രികളും വേണം. വലിയൊരു തുക ഇതിനായി കണ്ടെത്തേണ്ടി വരും. വിവാഹിതനാണെങ്കിൽ കാലേകൂട്ടി കുടുംബകോടതിയിൽ പോയി “മോചനം” നേടിയാൽ അനാവശ്യ വഴക്കും വക്കാണവും, കുഞ്ഞുങ്ങളുടെ കരച്ചിലും മറ്റും ഒഴിവാക്കുകയും ചെയ്യാം. ഒന്ന് മറന്നു, താമസം city ഫ്ലാറ്റിലോ മറ്റോ ആണെങ്കിൽ, ആൾ താമസം കുറഞ്ഞ നാട്ടിൻ പുറത്തെങ്ങാനും ഒരേക്കർ (അരയേക്കർ എങ്കിലും) വാങ്ങി അതിന്റെ നടുക്ക് ഒരു hall പണിയിച്ചാൽ കാര്യം കുശാലായി!

ഇത്രയുമൊക്കെ ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിക്ക് “ഉത്തര കാണ്ഡം” വായിച്ചു സമയം കളയേണ്ട ആവശ്യവുമില്ല. അവരെ 'ഉദ്ധരിക്കാൻ' എനിക്കു താല്പര്യവും ഇല്ല.

അതവിടെ നിൽക്കട്ടെ. ഒട്ടു മുക്കാലും സംഗീത പ്രേമികളുടെ ആവശ്യങ്ങൾ വളരെ ലളിതമാണ്. പ്രിയ ഗായകരുടെ പഴയതും പുതിയതുമായ, (പാശ്ചാത്യ-പൗരസ്ത്യ ഗായകരുടേതടക്കം) soft rock, jazz, blues, ഭാരതീയ ഭാഷകളിലെ fusion etc etc ഇവയൊക്കെയാണ് നമ്മിൽ പലരുടെയും ഇഷ്ട ഗാനങ്ങൾ. Fidelity എന്ന സങ്കൽപം മുന്നിൽ നിൽക്കുമ്പോൾ, jazz സംഗീതത്തിൽ ഉപയോഗിക്കുന്ന Cello, പൗരസ്ത്യ വാദ്യങ്ങളായ തബല, മൃദംഗം, സാരംഗി തുടങ്ങിയ ഉപകരണങ്ങളുടെ bass / mid reproduction അതീവ പ്രാധാന്യം അർഹിക്കുന്നുണ്ട്.

Reproduction അഥവാ പുനഃസൃഷ്ടി ആണല്ലോ ഫിദെലിറ്റിയുടെ കേന്ദ്ര ബിന്ദു. അതിന്റെ പൂർണ ഉത്തരവാദിത്വം സ്‌പീക്കറിനാണ് താനും. എന്റെ (അതയൊന്നും വിനീതമല്ലാത്ത) അഭിപ്രായത്തിൽ ഒരു ഹോബിയിസ്റ്റിന്റെ ശ്രദ്ധ ആദ്യം പതിയേണ്ടത് ഒരു “നല്ല” സ്പീക്കർ തിരഞ്ഞെടുക്കുന്നതിലാണ്. “നല്ലതും” നേരത്തെ സൂചിപ്പിച്ചതുപോലെ നൂറു ശതമാനവും വ്യക്ത്യധിഷ്ഠിതമാണ്. (“One man’s food is another’s poison” എന്നോർത്തിരിക്കുന്നതു നല്ലതാണ്.)

നമുക്കു താല്പര്യമുള്ള സംഗീതം സംതൃപ്തി നൽകുന്ന രീതിയിൽ reproduce ചെയ്യാൻ കഴിവുള്ള ഒരു സ്പീക്കർ തിരഞ്ഞെടുക്കുന്നതിലാണ് നമ്മുടെ വിജയം. ദീർഘ കാലത്തെ audition ഇതിനാവശ്യമാണ്. സുഹൃത്തുക്കളുടെ വീട്ടിലും, audio showrooms ലും ഒക്കെ പോയി നമ്മുടെ favourite music ആവർത്തിച്ച് കേട്ട് നോക്കുക. സാധ്യമാകുമെങ്കിൽ ഇഷ്ടപ്പെട്ട ഒന്നിനെ വീട്ടിൽ കൊണ്ട് വന്നു നമ്മുടെ മുറിയിൽ വച്ച് പല പ്രാവശ്യം കേട്ട് നോക്കുക. ( സ്പീക്കറിനെയും മുറിയെയും വേർപെടുത്തി നിർത്താൻ സാധ്യമല്ല – അതൊരു combo ആണ്, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും. ) ഈയവസരത്തിൽ പല പല speaker positions പരീക്ഷിച്ചു നോക്കുക. പൊതുവെ ചുവരുകളിൽ നിന്ന് അല്പം അകന്നിരിക്കുന്നതാണ് നല്ലതു. Low-mid, smoothness of HF ഇവ ശ്രദ്ധിക്കുക. Natural reproduction ആണ് നമ്മുടെ ലക്‌ഷ്യം എന്ന് സദാ ഓർത്തിരിക്കുക.

Sealed ? … Ported ?
A Small Sealed Speaker

ഇനി സ്പീക്കറുകളുടെ കാര്യം അല്പം സാങ്കേതികമായി നോക്കാം. സാധാരണ (dynamic) സ്പീക്കറുകൾ രണ്ടു തരമാണ് –sealed and ported cabinets ഉള്ളത്. Sealed speakers താരതമ്യേന ചെറുതായിരിക്കും, പക്ഷെ efficiency വളരെ കുറവാണു. അതായതു ഇതിനെയൊന്നു “അനക്കി”യെടുക്കാൻ “muscle man” ആമ്പുകൾ വേണ്ടി വരും. ഒരു നല്ല 100 W ആമ്പിന്റെ വിലയും അത്ര കുറവല്ല.

Ported speakers കുറച്ചു കൂടി efficiency ഉള്ളവയാണ്. അതായതു ആമ്പിന്റെ output power കുറച്ചു മതി– ഒരു “കൊട്ടക്കണക്കിൽ” ഏതാണ്ട് 30 മുതൽ 50 W വരെയെന്നു കരുതാം. Ported designs നു ഗുണവും ദോഷവുമുണ്ട്. വളരെ നല്ല ഡിസൈൻ അല്ലെങ്കിൽ “single tone bass” ആയിപ്പോകും. കേൾവി സുഖം തെക്കോട്ടു പോകും. ശ്രദ്ധിച്ചു audition ചെയ്യുക.
A Ported Speaker 

പിന്നെയുള്ള ഒരു കീറാമുട്ടി crossover ആണ്. Crossover വിദഗ്ധർ “ഇതൊക്കെ എന്ത്” എന്ന മട്ടിൽ വാചകമടിക്കുമെങ്കിലും, ഇതൊരു ബാലികേറാമല തന്നെയാണ്. ഒരിക്കലെങ്കിലും speaker driver ൻ്റെ impedance curve കണ്ടിട്ടുള്ള, സാമാന്യം ബോധമുള്ള ഒരു ഹോബിയിസ്റ്റിനു ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരാൻ ഇത് ധാരാളം മതി. L-C ഘടകങ്ങൾ ധാരാളം വാരി വിത്റിയിരിക്കുന്ന ഒരു ക്രോസ്സോവർ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് അതിന്റെ സൃഷ്ടാവിനു പോലും വലിയ നിശ്ചയമുണ്ടാവില്ല. ( L-C ഘടകങ്ങളുടെ reactance പൂർണ്ണമായും frequency dependent ആണെന്ന് മറക്കേണ്ട.)
A Complex Crossover

ചുരുക്കിപ്പറഞ്ഞാൽ, കഴിയുന്നതും കുറയ്‌ക്കേണ്ട / ഒഴിവാക്കേണ്ട ഒരു ഘടകമാണ് crossover complexity. ഈയൊരൊറ്റ കാരണം കൊണ്ട് തന്നെയാണ് ഞാൻ ഒരു 2-way സ്പീക്കറിന്, ഒരു 3-way അല്ലെങ്കിൽ 4-way സ്പീക്കറിന് മുകളിൽ മാർക്ക് നൽകുന്നത്. എന്റെ അനുഭവത്തിലും കാഴ്ചപ്പാടിലും 1st rank നേടുന്നത് crossover ഒന്നുമില്ലാത്ത ഒരു full range സ്‌പീക്കറായിരിക്കും.

ഇവിടെയാണ് നിങ്ങളുടെ individual tastes / selection താല്പര്യങ്ങൾ പരിഗണിക്കേണ്ടത്. Complex crossovers ഉള്ള സ്പീക്കറുകൾ പൊതുവെ ഉയർന്ന ആമ്പ് ഔട്ട്പുട്ട് ആവശ്യമുള്ളവയാണ്. Frequency correction നു വേണ്ടി ഉപയോഗിക്കുന്ന ഘടകങ്ങൾ “കുടിയന്മാരാണ്”. ഇഷ്ടപ്പെട്ട സ്പീക്കർ ഏതായാലും, നമ്മുടെ മുറിയിൽ തൃപ്തികരമായ പ്രകടനം നല്കാൻ അതിനെന്തു minimum output power വേണ്ടി വരുമെന്ന് പരീക്ഷിക്കുക. അതിന്റെ ഒരു ഒന്നര, രണ്ടിരട്ടി power output ഉള്ള ഒരു ആമ്പ് തിരഞ്ഞെടുക്കുക. കഴിവതും ഉയർന്ന നിലയിൽ പ്രവർത്തിച്ചാലും distortion ഒഴിവാക്കാനും, സംഗീതത്തിന്റെ dynamic range നില നിർത്താനുമാണിത് .

ഇമേജിങ് ഇന്ദ്രജാലം

തീർന്നില്ല, സ്പീക്കർ തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകം (ഞാൻ ആദ്യമേ സൂചിപ്പിച്ചല്ലോ, “ഘടകങ്ങൾ” ഒട്ടനവധി ഉണ്ട് ! ) stereo imaging ആണ്. പല വളരെ വിലപിടിപ്പുള്ള സ്‌പീക്കറുകളും എന്റെ അനുഭവത്തിൽ “one-master dogs” ആണ്. അതിന്റെ “sweet spot” (കൃത്യമായ stereo image ലഭ്യമാവുന്ന ഇടം) വളരെ ഇടുങ്ങിയതാണ് –ഒരാൾക്ക് നല്ല ആസ്വാദനം കിട്ടും, പക്ഷെ തല അല്പമൊന്നനക്കിയാൽ, എല്ലാം പോയി എന്ന നിലയിലാകും.

Stable and clear imaging in the room അതി പ്രധാനമാണ്. ഇതിനെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങൾ (ദേ, പിന്നേം വന്നു !) ഉണ്ടെങ്കിലും, അതിൽ മുന്നിൽ നിൽക്കുന്നത് സ്‌പീക്കർ baffle ൻ്റെ വലിപ്പമാണ്. ചെറുതാകും തോറും diffraction errors കുറയുകയും, imaging മെച്ചപ്പെടുകയും ചെയ്യും. Theoretically ഗോളാകൃതിയുള്ള, വളരെ ചെറിയ, “point source” ആയ ഒരു സ്പീക്കറായിരിക്കും എറ്റവും നല്ലതു. അങ്ങനെയുള്ള സ്പീക്കറുകളൊക്കെ കിട്ടാനുണ്ട്, പക്ഷെ വില കേട്ടാൽ ബോധക്ഷയം ഉണ്ടാകും. എന്തായാലും തിരഞ്ഞെടുക്കുന്ന സ്പീക്കറിന്റെ imaging quality ഉറപ്പു വരുത്തുക.
Low Diffraction Cabinet
(Bowers & Wilkins)

ഇത്രയുമൊക്കെ ആയാൽ ആമ്പിന്റെ കാര്യത്തിൽ ഒരു തീരുമാനത്തോടടുത്തു എന്ന് കരുതാം. ചക്കിക്കൊത്ത ചങ്കരൻ …സ്‌പീക്കറിന് ചേർന്ന power output ഉള്ള (മേൽ വിവരിച്ച പോലെ) ഒരു ആമ്പ് സ്വന്തമാക്കാൻ തീരുമാനിക്കുക.

Full-range പരിഗണനകൾ

Full-range speakers + low power class-A amps ശൈലിയുടെ ഒരു ആരാധകൻ എന്ന നിലയിൽ ചിലതു കൂടി പറഞ്ഞു കൊള്ളട്ടെ. (നിങ്ങളുടെ അനുമതിയോടു കൂടി !) നേരത്തെ സൂചിപ്പിച്ചതു പോലെ crossover കടമ്പകളൊന്നും ഇല്ലാത്ത, ഒരു സ്പീക്കർ ഡ്രൈവർ തന്നെ (ഏതാണ്ട് ) പൂർണ്ണമായ frequency range കൈകാര്യം ചെയ്യുന്ന ഒന്നാണ് full-range സ്പീക്കറുകൾ. വലിയ കടുത്ത bass പ്രാന്തനല്ലെങ്കിൽ ഒരു 4 അല്ലെങ്കിൽ 5 ഇഞ്ച് ഡ്രൈവർ ധാരാളം മതി. ചെറിയ ഡ്രൈവർ ആയതു കൊണ്ട് ഒരു കൊച്ചു ചന്തമുള്ള, efficient ആയിട്ടുള്ള പെട്ടിയിൽ ഉറപ്പിച്ചാൽ നല്ല imaging എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി.
A full Range Driver

നല്ല പ്രകടനം തരുന്ന ഒരായിരം രൂപയിൽ താഴെ മുതൽ ഒരു പതിനായിരം രൂപ വരെ വില വരുന്ന മെച്ചമായ ഒരു പിടി speaker drivers ലഭ്യമാണ്. ഇവയിൽ ഒട്ടു മുക്കാലും 15 –25 Watts പരമാവധി കൈകാര്യം ചെയ്യുന്നവ ആയിരിക്കും. Efficiency ഉള്ള ഒരു തുറന്ന (sealed അല്ല) cabinet design ആണെങ്കിൽ ഒരു 5 – 10 W ആമ്പ് മതിയേ മതി.

ആമ്പ് class-A തന്നെ വേണമെന്ന് വാശിയൊന്നുമില്ല. വിശേഷിച്ചും തുടക്കക്കാർ class-A കയത്തിലേക്ക് എടുത്തു ചാടരുത് എന്ന് തന്നെയാണ് എൻറ്റെ പക്ഷം. വളരെ നല്ല പ്രകടനം തരുന്ന ഒട്ടനവധി chip amp ഡിസൈൻസ് ഉണ്ട്. Power output നു പിറകെ ഭ്രാന്തെടുത്തു നടക്കാതെ, ക്വാളിറ്റിയിൽ ശ്രദ്ധ വെച്ചാൽ ചെറിയ ബഡ്ജറ്റിൽ കാര്യം നടക്കും … നന്നായിത്തന്നെ നടക്കും – വില തുച്ഛം, ഗുണം മെച്ചം !

(Class-A ആമ്പുകളുടെ വശീകരണത്തിൽ ആറാടണമെന്നുള്ളവർക്കു താഴെയുള്ള links ലേക്ക് പറക്കാം.)

https://audio-musings.blogspot.com/2024/06/class.html

https://audio-musings.blogspot.com/2024/07/class-a.html

* * * * * * * * * * * *

Comments

Post a Comment

Subscribe